ഐപിഎല്ലിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അഴിച്ചുപണിക്കൊരുങ്ങുന്നു. നടപ്പു സീസണില്‍ ദയനീയ പ്രകടനം നടത്തുന്ന മുന്‍ ചാമ്പ്യന്മാര്‍ 10 കളികളില്‍നിന്നും 6 പോയന്റുമായി അവസാന സ്ഥാനത്താണ്. ഇത്തവണ കിരീടസ്വപ്‌നം ഉപേക്ഷിച്ചുകഴിഞ്ഞെന്ന് ക്യാപ്റ്റന്‍ എംഎസ് ധോണി തന്നെ പറഞ്ഞതോടെ ആരാധകര്‍ കടുത്ത നിരാശയിലായി. ടീമിന്റെ നിരാശാജനകമായ പ്രകടനത്തില്‍ അസംതൃപ്തരായ ടീം മാനേജ്‌മെന്റ് കടുത്ത നടപടിയിലേക്കാണ് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഈ സീസണില്‍ ഇനി ടീമില്‍ മാറ്റങ്ങളുണ്ടാകില്ല. എന്നാല്‍, അടുത്ത സീസണില്‍ പലരും അപ്രത്യക്ഷരായേക്കും. പ്രകടനമികവ് കാട്ടാത്ത കേദാര്‍ ജാദവിനെപ്പോലുള്ള കളിക്കാരാണ് ആദ്യം പുറത്താക്കപ്പെടുക. പരിശീലകന്‍ സ്റ്റീഫന്‍ ഫഌമിങ്ങിന്റെ നിലനില്‍പും ഭീഷണിയിലാണ്. കോടികള്‍ ചെലവഴിച്ച് പരിശീകനേയും പരിശീലക സഹായികളേയും നിയമിച്ചിട്ടും പ്രതീക്ഷിച്ച പ്രകടനം ടീം പുറത്തെടുക്കുന്നില്ല. ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡു പ്ലസിസ്, എംഎസ് ധോണി, അമ്പാട്ടി റായിഡു എന്നിവര്‍ ശരാശരി പ്രകടനമാണ് കാഴ്ചവെച്ചത്. കളി ഫിനിഷ് ചെയ്യാന്‍ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയുന്നിമില്ല. നല്ല തുടക്കം മികച്ച സ്‌കോറിലേക്ക് എത്തിക്കാന്‍ കഴിയാത്തതും തിരിച്ചടിയാണ്. ഇത്തവണ ടീമില്‍നിന്നും മാറിനിന്ന സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങ്ങും തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. കളിക്കാര്‍ പ്രായമേറിയവരാണെന്നും യുവ കളിക്കാരെ ടീമിലെത്തിക്കണമെന്നും അഭിപ്രായമുണ്ട്. ഷെയ്ന്‍ വാട്‌സണ്‍, പിയൂഷ് ചൗള, കേദാര്‍ ജാദവ്, ഇമ്രാന്‍ താഹിര്‍ തുടങ്ങിയവര്‍ പുറത്തേക്കുള്ള വഴിയിലാണ്. ഇവര്‍ക്കൊപ്പം റെയ്‌നയും ഹര്‍ഭജനും കൂടി പുറത്തുപോകുന്നതോടെ സിഎസ്‌കെ പുതിയ ടീമിനെ വാര്‍ത്തെടുക്കേണ്ടിവരും. അതേസമയം, ക്യാപ്റ്റന്‍ എംഎസ് ധോണിയെ ചെന്നൈ ഒഴിവാക്കില്ല. ഒരു സീസണ്‍ കൂടി ധോണി സിഎസ്‌കെയ്‌ക്കൊപ്പം കളിക്കുമെന്നും അതിനുശേഷം വിരമിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.